Tuesday, January 17, 2012

നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ബോധത്തെ ഉണര്‍ത്തുക

നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ബോധത്തെ ഉണര്‍ത്തുക എന്നതാണ് ആധ്യാത്മികസാധനകളുടെയെല്ലാം ലക്ഷ്യം. ഹിമാലയത്തില്‍ തപസ്സുചെയ്യുന്ന ഒരു യോഗിക്കും അടുക്കളയില്‍ ജോലിചെയ്യുന്ന ഒരു വീട്ടമ്മയ്ക്കും യുദ്ധക്കളത്തില്‍ പോരാടുന്ന ഒരു പട്ടാളക്കാരനും വിമാനം നിയന്ത്രിക്കുന്ന ഒരു പൈലറ്റിനുമൊക്കെ ശ്രദ്ധ കൂടിയേ തീരൂ. ഒരു നിമിഷനേരത്തെ അശ്രദ്ധമതി വലിയൊരാപത്തിനു വഴിതെളിക്കാന്‍. തനിക്കും മറ്റുള്ളവര്‍ക്കും ദുഃഖവും ദുരിതവുമായിരിക്കും അതിന്റെ ഫലം.
ഇന്നു നമുക്ക് അറിവുണ്ടെങ്കിലും ബോധം വന്നിട്ടില്ല. സിഗരറ്റു വലിക്കരുത് എന്ന അറിവുണ്ട്. എന്നിട്ടും സിഗരറ്റു വലിക്കുന്നു. എന്നാല്‍ തനിക്കു ക്യാന്‍സറുണ്ടെന്ന് അറിയുമ്പോള്‍ സിഗരറ്റുവലി നിര്‍ത്തുന്നു. അതുപോലെ ഭക്ഷണകാര്യത്തില്‍ യാതൊരു ചിട്ടയുമില്ലാതിരുന്ന ഒരാള്‍ക്ക് ഗുരുതരമായ അസുഖം ബാധിച്ചുകഴിഞ്ഞാല്‍ വളരെ ശ്രദ്ധയോടെ പഥ്യം പാലിക്കുന്നതുകാണാം. പലപ്പോഴും ആപത്തുവരുമ്പോള്‍ മാത്രമാണു നമ്മിലെ ബോധം ഉണരുന്നത്. എന്നാല്‍ ഓരോന്നിന്റെയും ഭവിഷ്യത്തിനെക്കുറിച്ച് ആദ്യമേ തന്നെ ഓര്‍ത്താല്‍ നമ്മളില്‍ ബോധം ഉണരും, തെറ്റുകള്‍ ഒഴിവാക്കുവാന്‍ സാധിക്കും. നമുക്ക് അറിവുണ്ട്. ഈ അറിവിനെ ബോധത്തിലേക്കുയര്‍ത്തുവാന്‍ ഓരോ കര്‍മത്തിലും വിവേകബുദ്ധി ഉപയോഗിച്ചു ശ്രദ്ധയോടെ നീങ്ങണം.

ഒരു പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ നമ്മള്‍ വളരെ സൂക്ഷിച്ചു പെരുമാറും. അവിടെ നടക്കുന്നതും നില്‍ക്കുന്നതും സംസാരിക്കുന്നതും വളരെ ശ്രദ്ധയോടെയായിരിക്കും. അല്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് നമുക്കറിയാം. അതുപോലെ ചില രാജ്യങ്ങളില്‍ പോകുമ്പോള്‍ ഇമിഗ്രേഷനുവേണ്ടി ക്യൂവില്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാന്‍ പാടില്ല, ശബ്ദിക്കാന്‍ പാടില്ല. അവര്‍ പറയുന്നതൊക്കെ അനുസരിക്കണം. പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നമ്മളെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കും. വിദേശത്തുപോകണം എന്ന ലക്ഷ്യം ഓര്‍ക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ അവരുടെ ചട്ടം പാലിക്കുവാന്‍ നമുക്കുകഴിയുന്നു. ഈ ശ്രദ്ധ നമ്മുടെയെല്ലാം ഉള്ളിലുള്ള ഒരു ഭാവമാണ്. ഈ ഭാവം ഉണര്‍ത്തി നിരന്തരം നിലനിര്‍ത്തുകയാണ് വേണ്ടത്.

ഒരു കോളേജ് ഹോസ്റ്റലിലെ കാന്റീനില്‍ ചില വിദ്യാര്‍ഥികള്‍ ആവശ്യത്തിലധികം ഭക്ഷണം പ്ലേറ്റിലെടുത്ത് കുറച്ചുമാത്രം കഴിച്ച് ബാക്കി ചവറ്റുകൊട്ടയില്‍ കളയുന്നതു പതിവായിരുന്നു. ഇതിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അവരോടു പറഞ്ഞു. ''ഒരു നേരം പോലും വയറുനിറയ്ക്കുവാന്‍ വകയില്ലാത്ത എത്രയോ പാവങ്ങള്‍ ഈ ലോകത്തിലുണ്ട്. ഒരു തുള്ളി കുടിവെള്ളം കിട്ടാനില്ലാതെ ദാഹിച്ചുവലയുന്ന എത്രയോ പേരുണ്ട്. ആസ്പത്രികളില്‍ പായയോ പുതപ്പോ ഒന്നുമില്ലാതെ വെറും നിലത്ത് കിടക്കുന്നവരുണ്ട്. വെറുതെ കളയുന്ന ഭക്ഷണത്തിനു ചെലവഴിക്കുന്ന പണം കൊണ്ട് ആ പാവങ്ങള്‍ക്ക് മരുന്നോ, പായയോ, പുതപ്പോ മറ്റോ വാങ്ങിച്ചുകൊടുക്കാം.'' അങ്ങനെ കുറേ ഉപദേശിച്ചുനോക്കി. എന്നിട്ടും വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഒടുവില്‍ ഫൈന്‍ ഏര്‍പ്പെടുത്തി. ഇത്ര ഭക്ഷണം കളഞ്ഞാല്‍ ഇത്ര തുക ഫൈന്‍ ഈടാക്കുമെന്ന് നിയമം വെച്ചു. അതോടെ ദിവസവും എട്ട് ബക്കറ്റ് വേസ്റ്റുണ്ടായിരുന്നത് ഒരു ബക്കറ്റായി കുറഞ്ഞു. പിന്നെ കാല്‍ ബക്കറ്റായി. അവസാനം വേസ്റ്റ് തീരെയില്ലാതായി. പിഴ ഒടുക്കേണ്ടിവരും എന്നോര്‍ത്തപ്പോള്‍ കുട്ടികളില്‍ ബോധമുണര്‍ന്നു, പ്രവൃത്തിയില്‍ ശ്രദ്ധ വന്നു.

ബോധം ഉണര്‍ന്നുകഴിഞ്ഞ ഒരുവന് ലോകം ഒരു പുസ്തകമാണ്. പ്രകൃതിയിലെ ഓരോ വസ്തുവും അവനു ഗുരുവാണ്. പ്രകൃതിയില്‍നിന്നും ഇരുപത്തിനാലു ഗുരുക്കന്മാരെ കണ്ടെത്തി പാഠങ്ങള്‍ ഉള്‍ക്കൊണ്ട അവധൂതന്റെ കഥ ഭാഗവതത്തില്‍ പറയുന്നുണ്ട്. പ്രകൃതിയെ വിവേകത്തോടുകൂടി നിരീക്ഷിക്കുകയാണെങ്കില്‍ അതിലെ ഓരോ വസ്തുവില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. നിസ്സാരമെന്നു നാം കരുതുന്നവ നമ്മെ പഠിപ്പിക്കുന്ന പാഠം വളരെ വലുതായിരിക്കും. ക്ഷമയോടും വിവേകത്തോടും ശ്രദ്ധയോടും അവയെ നിരീക്ഷിക്കണം എന്നുമാത്രം.
ഇതുവരെ യാതൊരു കുറ്റകൃത്യവും ചെയ്യാത്ത ഒരാള്‍ നാളെ ഒരു പക്ഷേ ഒരു കൊലപാതകിയോ കൊള്ളക്കാരനോ ആകാം. അതിനാല്‍ മനസ്സിനെ സദാ നിരീക്ഷിക്കണം. ശ്രദ്ധയും വിവേകവും ഒരു നിമിഷവും നഷ്ടമാകാന്‍പാടില്ല. മനസ്സിനെ കൂടുതല്‍ കൂടുതല്‍ നിരീക്ഷിക്കുന്തോറും, നമ്മളിലെ നന്മയും തിന്മയും നമുക്ക് കൂടുതല്‍ അടുത്തറിയുവാന്‍ കഴിയും. രാത്രിയിലെ കൂരിരുട്ടില്‍ ഒന്നുംകാണാന്‍ സാധിക്കില്ല. കിഴക്കു വെള്ള കീറുമ്പോള്‍, തൊട്ടടുത്തുള്ളവ കാണാന്‍ കഴിയും. സൂര്യനുദിച്ചുയരുമ്പോള്‍ പ്രകാശം പരക്കുന്നതിനനുസരിച്ച്, ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാകും. അതുപോലെ, സാധനയിലൂടെ ബുദ്ധിക്കു കൂടുതല്‍ തെളിവു ലഭിക്കുമ്പോള്‍ നമ്മളിലുള്ള കുറ്റങ്ങളും കുറവുകളും കൂടുതല്‍ വ്യക്തതയോടെ കാണാന്‍ കഴിയും. അവയെ വിവേകപൂര്‍വം നേരിടാനും പരിഹരിക്കാനും സാധിക്കും.
വിവേകത്തോടും ശ്രദ്ധയോടും കൂടിയ കര്‍മമാണു പ്രാര്‍ഥന. ഓരോ നിമിഷവും ബോധപൂര്‍വം ജീവിക്കുന്ന ഒരുവന്റെ ഏതു കര്‍മവും പ്രാര്‍ഥനയാണ്. അങ്ങനെയുള്ളവര്‍ക്കു പ്രാര്‍ഥനയ്ക്കായി പ്രത്യേകിച്ചൊരു സമയം നീക്കിവെയ്‌ക്കേണ്ടതില്ല. അവര്‍ ജീവിതവിജയത്തെക്കുറിച്ചോ മോക്ഷത്തെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. എല്ലാ വിജയവും അവരെത്തേടിയെത്തും.
( ആര് പറയുന്നു എന്ന് നോക്കേണ്ട ആവശ്യം ഇല്ല എന്ത് പറയുന്നു എന്ന് നോക്കുക )
ഇത് പറഞ്ഞത് മാതാ അമ്രതാനന്ദമായി

No comments:

Post a Comment